Friday, December 14, 2012

മലയാളം: ശ്രേഷ്ഠഭാഷാപദവി അനിവാര്യം

മലയാളം: ശ്രേഷ്ഠഭാഷാപദവി അനിവാര്യം

വി.കെ. രാജഗോപാല്‍, റാന്നി

ഭാഷ എന്നത് ഒരു ആശയവിനിമയോപാധിയാണ്. സര്‍വ്വമനുഷ്യര്‍ക്കും അവന്റെ ആശയങ്ങള്‍ സ്വരൂപിക്കുവാനും ചിന്തയുടെ ലോകത്തുനിന്നും അതിനെ പുറത്തെടുത്ത് വിശദീകരിക്കുവാനും ഭാഷ കൂടിയേ തീരു. ഒരാള്‍ വ്യക്തമായി ആശയ വിനിമയം നടത്തുന്നതും സ്വതസിദ്ധമായ ശൈലിയില്‍ സംസാരിക്കുന്നതും മിക്കവാറും മാതൃഭാഷയില്‍ തന്നെയാണ്. എത്ര വിദഗ്ധനായിരുന്നാലും ഏതൊരു വാക്കിന്റെയും അര്‍ത്ഥം ഗ്രഹിക്കുന്നത് സ്വന്തം ഭാഷയിലേക്ക് അതിനെ പരിവര്‍ത്തിതപ്പെടുത്തിയാണ്. ലോകമെമ്പാടും ഉള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിധം ആംഗലേയ ഭാഷയെ ഇന്നു മാറ്റിയെടുത്തു വരുന്നുണ്ടെങ്കിലും മറ്റുനാട്ടുകാര്‍ അത്തരം ഭാഷ പഠിക്കുന്നതും ഗ്രഹിക്കുന്നതും എല്ലാം അവരുടെ മാതൃഭാഷയില്‍ തന്നെയാണ്.

ഭാഷ ഒരു സംസ്‌കാരത്തിന്റെ മിഴിവാര്‍ന്ന ചിത്രമാണ്. അതു ശരിയായി മനസിലാക്കാന്‍ നമുക്ക് കഴിയണം. വികലമായ അനുകരണവും ഉച്ചാരണവും കൊണ്ട് ഭാഷയെ തകര്‍ക്കന്ന നിലപാട് പാടില്ല. മാതൃഭാഷപോലും ശരിക്ക് ഉച്ചരിക്കാന്‍ തയ്യാറാകാത്ത ടെലിവിഷന്‍ അവതാരകരും പ്രസംഗകരും തകര്‍ക്കുന്നത് ഭാഷയെ മാത്രമല്ല, ഒരു സംസ്‌കാരത്തെക്കുടിയാണ്. തലമുറകളായി നമ്മുടെ പൂര്‍വ്വികര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ ഭാഷയുടെ സുവര്‍ണ്ണസൗധങ്ങള്‍കൂടിയാണ്. വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യം പൂര്‍ത്തികരിക്കുവാന്‍ മാതൃഭാഷയുടെ സാന്നിദ്ധ്യം കുടിയേകഴിയൂ.  പഠനമെന്നത് ഉപരിപ്ലവമായ തത്തപറയുന്നതു പോലെ എന്തെങ്കിലും കേട്ടുപഠിച്ചു മനസിലാക്കേണ്ട പ്രക്രിയയല്ല. നിരന്തരമായ മനനത്തിനു വിധേയമായി ഓരോന്നിന്റെയും സൂഷ്മമായ സത്തയെ മനസിലാക്കുകയാണ് വേണ്ടത്. ഇത് സാധ്യമാകണമെങ്കില്‍ ബോധനമാധ്യമം മാതൃഭാഷയാകണം അതല്ലെങ്കില്‍ നാം മനസിലാക്കിയ ആശയങ്ങളെയോ കണ്ടെത്തിയ വസ്തുതകളെയോ വ്യക്തമായി പ്രതിഫലിപ്പിക്കുവാന്‍ ഭാഷ തന്നെ തടസമായി മാറുന്ന ഒരവസ്ഥ ഉണ്ടാകും.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഇവിടെ പുനഃസംഘടിപ്പിച്ചിട്ട് ദശാബ്ദങ്ങള്‍ ഏറെയായി. 1956 നവംബര്‍ ഒന്നിലെ ഐക്യകേരളപിറവിക്കുശേഷം നീണ്ട 56 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മലയാളം പൂര്‍ണ്ണമായും ഭരണഭാഷയായിട്ടില്ല. മലയാളം പറയുകയും പഠിക്കുകയും ചെയ്താല്‍ ശിക്ഷനല്‍കുന്ന സ്‌കുളുകള്‍ പോലും ഉള്ള നാടാണ് നമ്മുടേതെന്ന് ലജ്ജയോടയല്ലാതെ ഓര്‍ക്കാനാവില്ല. മൂന്നരക്കോടി ജനത മാത്രം നിത്യേന കൈകാര്യം ചെയ്യുന്ന ഈ ഭാഷ ലോകത്തിലെ സാഹിത്യസങ്കേതിക, വൈജ്ഞാനിക മേഖലകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഹിന്ദി സിനിമകള്‍ക്കൊപ്പം കിടപിടിക്കാന്‍ മലയാള ചലച്ചിത്രവേദിക്കു സാധിച്ചുകഴിഞ്ഞു. ലോകഭാഷയിലെ ഒട്ടേറെ പ്രമുഖകൃതികളെല്ലാം ഇതിനകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു കഴിഞ്ഞിട്ടുമുണ്ട്.
ദക്ഷിണ ഭാരതത്തില്‍ നിലവിലുള്ള 4 പ്രധാന ദ്രാവിഡ ഭാഷകളുടെ കുട്ടത്തില്‍ മലയാളത്തിന് 4-ാം സ്ഥാനം മാത്രമാണുള്ളത്. ആദ്യത്തെ മൂന്നു ഭാഷകള്‍ക്കും ശ്രേഷ്ഠഭാഷാപദവി നല്‍കുകയും അവയുടെ ഉന്നമനത്തിനായി കോടിക്കണക്കിനു രൂപയുടെ വാര്‍ഷിക ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്കുകയും ചെയ്തു കഴിഞ്ഞു. മറ്റു ഭാഷകളേപ്പോലെ തത്തുല്യഭാഷാ അവകാശത്തിനായി നാം ഒന്നിച്ചു നിന്ന് വാദിച്ചേമതിയാകു. തമിഴും മലയാളവും തമ്മില്‍ ചരിത്രപരമായും സാഹിത്യപരമായും ഏറെ ബന്ധങ്ങള്‍ ഉണ്ട്. ഉട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും മലയാളം വളര്‍ന്നുവരികയായിരുന്നു. എങ്കിലും 16 നൂറ്റാണ്ടിലേറെ പഴക്കമുള്ള മലയാള ഭാഷയെ മാറ്റിനിര്‍ത്തി ഇതര ഭാഷകള്‍ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കിയ നടപടി തിരുത്തേണ്ടിയിരിക്കുന്നു. മലയാളഭാഷയുടെ കാര്യത്തില്‍ രാഷ്ട്രീയ ഭിന്നത അവസാനപ്പിക്കുകയും അധിനിവേശികളുടെ ഭാഷയ്ക്ക് കുടുതല്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 1ന് മലയാളഭാഷയ്ക്ക് ആശ്വസിക്കാന്‍ തക്കവിധം, തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ മലയാള സര്‍വ്വകലാശാല നിലവില്‍ വന്നു. ഒപ്പം തിരുവനന്തപുരം കേന്ദ്രമാക്കി നടന്ന വിശ്വമലയാള സമ്മേളനവും മലയാള ഭാഷയുടെ അംഗീകാരത്തിനും പുരോഗതിക്കും ഏറെ പ്രയോജനകരമായി. നമ്മുടെഭാഷയുടെ ഭാവവും ഭംഗിയും ഭവ്യതയും ആഴത്തില്‍ മനസിലാക്കാനുള്ള ഈ ശ്രമത്തില്‍ നിന്നും ഇനി പിന്നോട്ടുപോകാന്‍ പാടില്ല. കേരളീയതയുടെയും മലയാളത്മയുടേയും ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇനി നമുക്ക് ഒന്നിച്ച് മുന്നോട്ടു നീങ്ങാം.

No comments:

Post a Comment