Wednesday, August 22, 2012

ആലപ്പുഴയുടെ ഉള്‍ക്കാഴ്ച

യാത്രകള്‍ എന്നും രസം പകരുന്നതാണ്. എന്നാല്‍ യാതൊരു ബ്ലോക്കുമില്ലാത്ത യാത്ര.. അതാണ് ആലപ്പുഴ ജലയാത്രകള്‍... വീണ്ടും ആലപ്പുഴയിലെ ദ്വീപുകളിലേക്ക് യാത്രകള്‍...
ഈ യാത്ര മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ക്ക് ആവുമായിരുന്നില്ല. ഗിരീഷ് മക്രേരിയുടെ നിര്‍ബന്ധം ഞങ്ങളെ കൂടുതല്‍ നിര്‍ബന്ധിതമാക്കി. ""പിന്നീടാക്കിയാല്‍ ഒരിക്കലും നടക്കില്ല'' എന്ന് ഗിരീഷുചേട്ടന്‍ പറഞ്ഞത് ഒരു തരത്തില്‍ അറം പറ്റിയതായിപ്പോയി എന്ന് യാത്രകഴിഞ്ഞുള്ള ദിവസം ഞങ്ങളെ ഓര്‍മ്മിപ്പിച്ചു.


രാവിലെ 6 മണിക്ക് യാത്ര പുറപ്പെടണം, ഞാനും റെജിയും അനീഷും ഗിരീഷുചേട്ടനും ഇതായിരുന്നു ഞങ്ങളുടെ യാത്രാസംഘം.
പിറ്റേന്ന് കൃത്യസമയത്ത് തന്നെ യാത്ര തുടങ്ങാന്‍ പറ്റി. നേരം വെളുക്കുന്നതേയുള്ളു. ഞങ്ങളുടെ കപ്പിത്താന്‍ ഷാജി ചേട്ടന്‍ ഞങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ തയ്യാറായി. ബോട്ട് ജെട്ടിയില്‍ നിന്് പുന്നമടയിലേക്ക് ഇറങ്ങി... ഞങ്ങളെ കണികണ്ടുണരുന്ന തീരവാസികള്‍.... അവര്‍ മനസില്‍ പറയുന്നുണ്ടാവും ഇന്നതെ കണി പോയി എന്ന്..
കായല്‍ തീരങ്ങളില്‍ ചെറിയ വീടുകള്‍ പേലും ഇന്ന് റിസോര്‍ട്ടുകള്‍
ആണ്.

കുറച്ച് പച്ച പെയിന്റെും അടിച്ച് നാല് മുളയും നാട്ടി ഒരു ഷെഡ്ഡ് പണിതാല്‍ റിസോര്‍ട്ടായി. കൂടാതെ കായലിലേക്ക് തിരിച്ചു വെക്കുന്ന ബേക്കറികളും റെസ്റ്റോറന്റുകളും. എല്ലാം കേരളാ ടൂറിസത്തിന്റെ വളര്‍ച്ചയാണോ എന്ന് തന്നെ തോന്നിപ്പോകുന്നു. പുന്നമടയില്‍ അങ്ങിങ്ങായി പോളകള്‍ നിറഞ്ഞിരിക്കുന്നു.


ഇവിടുത്തെ പ്രത്യേകത എല്ലാ വീടുകള്‍ക്കും ഒരു കടവ് ഉണ്ട് എന്നാണ്. ഒരിടത്ത് മീന്‍ വെട്ടല്‍, മറ്റൊരിടത്ത് കുളി, അടുത്തിടത് തുണി അലക്കല്‍ ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. ഇതിനിടയില്‍ ഗിരീഷുചേട്ടന്‍ തന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ യാത്ര ഗിരീഷുചേട്ടന്റെ താല്പര്യം മാത്രമാണ്. അദ്ദേഹത്തിന് വരയ്ക്കാന്‍ കുറച്ച് ചിത്രങ്ങള്‍ കുട്ടനാട്ടില്‍ നിന്ന് കിട്ടണം, അത്രതന്നെ.


മീന്‍ പിടുത്തക്കാര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, കക്കാവാരല്‍, പുല്ലു പറിക്കാര്‍, വലുതും ചെറുതുമായ ഹൗസ്് ബോട്ടുകള്‍, യാത്രാ ബോട്ടുകള്‍ ഇവയെയെല്ലാം ഞങ്ങള്‍ കടന്നു മുന്നോട്ടു പോയി.
കുട്ടനാട്ടിലെ കര്‍ഷകരുടെ ചിത്രമെടുക്കാന്‍ ചെന്ന ഗിരീഷുചേട്ടനോട് സ്ത്രീകള്‍ പറയുന്ന ഞങ്ങളുടെ പടം മാത്രം എടുത്താല്‍ പോരാ കാശും തരണമെന്ന്. തീര്‍ന്നില്ലേ പണി പാളി. അപ്പോള്‍ അനീഷിന്റെ ഡയലോഗ് വേഷം മാത്രമേയുള്ളൂ, ഇത് കരിഞ്ഞെണങ്ങിയ നാടന്‍ സായിപ്പാ... പിന്നെയും യാത്ര...


കൈനകരിയില്‍ നിന്ന് രാവിലത്തെ ഭക്ഷണം കഴിക്കുമ്പോള്‍ സമയം 10. നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്ന നാടന്‍ ലഘുഭക്ഷണങ്ങള്‍ ഞങ്ങള്‍ ചില്ലിട്ട അലമാരില്‍ കണ്ടു. ഞങ്ങളുടെ യാത്ര കൂടുതലും ചെറിയ തോടുകളെ ആശ്രയിച്ചായിരുന്നു. അതിന്റെ കരയിലുള്ളവരുടെ ജീവതവും മറ്റുമായിരുന്നു ഞങ്ങളുടെ ചര്‍ച്ച. ഒരു തുരുത്തില്‍ ഫോട്ടോ എടുക്കാന്‍ ബോട്ടടുപ്പിച്ചപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്ന ചേട്ടനോട് വെള്ളപ്പൊക്ക കാലത്തെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയയ മറുപടി.. "അങ്ങനെ വലിയതായി ഇപ്പോള്‍ കയറാറില്ല. ചെറുതായി കയറിയാല്‍ വീടുകളില്‍ പടങ്ങിടും. അതിലും കൂടിയാല്‍ ക്യാമ്പുകളിലേക്ക് മാറും.'' പിന്നെയും സംശയം ""ആര്‍ക്കെങ്കിലും അസുഖം....'' മുഴുവന്‍ ചോദിച്ചില്ല, ആ ചേട്ടന്‍ എന്റെ മുഖത്തേക്ക്് നോക്കി. പിന്നെ മറുപടി ""അങ്ങനെ ആര്‍ക്കും ദൈവം അനുഗ്രഹിച്ച് അസുഖങ്ങള്‍ ഉണ്ടാകാറില്ല''. പിന്നീടൊന്നും അദ്ദേഹത്തോട് ചോദിക്കാന്‍ എനിക്ക് മനസുവന്നില്ല. അങ്ങേര് ശരിക്കും കലിച്ചു. കുട്ടനാടിന്റെ പച്ചയും, നീല ജലാശയങ്ങളും പ്രകൃതിയുടെ സമ്പത്ത് തന്നെയാണ്. ഓരോ ചെറിയ തുരുത്തുകളില്‍ വീടുകള്‍, അവിടെയല്ലാര്‍ക്കും ഒരു വള്ളം, കൂടാതെ വൈദ്യുത കണക്ഷനുകളും. ഇപ്പോള്‍ തുരുത്തുകളിലെ വീടുകള്‍ റിസോര്‍ട്ടുകാര്‍ കൈയ്യടക്കിയിരിക്കുന്നു. അവര്‍ കുറഞ്ഞ വിലയില്‍ മേടിച്ച് റിസോര്‍ട്ടുകള്‍ പണിയുന്നു.
തിരികെ യാത്രയില്‍ പുന്നമടയിലെ ഫിനിഷിങ് പോയിന്റിന്റെ പണി നടക്കുന്നതും കാണാം. നെഹ്രുട്രോഫി വള്ളംകളിക്ക് ഇനി ദിവസങ്ങള്‍ ബാക്കി..ആലപ്പുഴ ഉണര്‍ന്നു കഴിഞ്ഞു.
കൃത്യം 12 മണിക്ക് ഞങ്ങള്‍ തിരികെ ജെട്ടിയിലെത്തി. യാത്രയുടെ അവസാന പാര്‍ട്ടില്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്ന ഉച്ചഭക്ഷണത്തിനായ് ചുങ്കം ഷാപ്പില്‍ പോയി. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ തിരികെ റൂമിലെത്തി. ഗിരിഷുചേട്ടന് അന്ന് ഓഫ്‌ഡേയാണ്, എനിക്കും റെജിക്കും അനീഷിനും നൈറ്റ് ഡ്യൂട്ടി ഉണ്ട്. ഈ യാത്ര പകുതി ഉറങ്ങിയും ഉണര്‍ന്നുമായി ഞങ്ങള്‍ ആസ്വദിച്ചു. ഇനിയും ഒരു 10 ദിവസം കൂടി ഉണ്ടെങ്കില്‍ ഇത്തരം യാത്രകള്‍ ആസ്വദിക്കാം, അല്ലെങ്കില്‍ കണ്ടു തീര്‍ക്കാനാവില്ല ആലപ്പുഴയെ......

No comments:

Post a Comment