Sunday, July 10, 2016

എൻ്റെ ദേവു

ഞാൻ ഇതിൽ എന്തെങ്കിലും എഴുതിയിട്ട് രണ്ട് വർഷം കഴിഞ്ഞു. നാട്ടിലെ സമയമില്ലായ്മയിൽ നിന്ന് പ്രവാസ ജീവിതത്തിലേക്ക് കടന്നു. ഇപ്പോൾ തോന്നുന്നു വേണ്ടിയിരുന്നില്ല എന്ന്. പ്രത്യേകിച്ച് എൻ്റെ മകളെ പിരിഞ്ഞപ്പോൾ മുതൽ. വിമാനത്താവളത്തിൽ വച്ച് ദേവൂൻ്റെ അമ്മേ, അമ്മേ.... വിളി. അവൾക്ക് എല്ലാരും അമ്മയാണ്. അത് ഓർത്ത് കരയാത്ത ദിവസങ്ങളില്ല. ഇന്ന് ഞാൻ ഇത് കുറിക്കുമ്പോൾ അവൾ പനിയും ചുമയുമായി ആശുപത്രി കിടക്കയിലാണ്. അവളുടെ കളിയും ചിരിയും കാണേണ്ട സമയത്ത് ഞാൻ അവളിൽ നിന്നും ഏറെ അകലെ ആയിരിക്കുന്നു.

Saturday, September 20, 2014

2014ലെ അനശ്വരയുടെ ഓണാഘോഷം


Saturday, May 4, 2013

എന്റെ നാടിന്റെ ക്ഷേത്ര വിശേഷംതിരുവന്‍വണ്ടൂര്‍ മഹാക്ഷേത്ര മാഹാത്മ്യം
ഭാരതത്തില്‍ പ്രധാനമായും 108 വൈഷ്ണവ ക്ഷേത്രങ്ങളാണുള്ളത്. ഈ ക്ഷേത്രങ്ങളെ പതികള്‍ എന്നും തിരുപ്പതികള്‍ എന്നും വിളിച്ചുപോന്നു. കേരളത്തില്‍ നിലവിലുള്ള 11 വൈഷ്ണവക്ഷേത്രങ്ങളെ കുറിച്ച് പ്രാചീന ഭക്തകവി നാമ്മാഴ്‌വാര്‍ അദ്ദേഹത്തിന്റെ കവിതകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ വൈഷ്ണവ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നീ അഞ്ചു ദേവാലയങ്ങള്‍ പാണ്ഡവ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നു.

പാണ്ടവരില്‍ നാലാമനായ നകുലന്‍ പൂജിച്ചിരുന്ന തേവാര വിഗ്രഹമാണ് ബ്രഹ്മപുത്രനായ ഭൃഗമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിലെ 6 അടിയിലധികം ഉയരമുള്ള ചതുര്‍ബാഹുവിഗ്രഹം.
തിരുവന്‍വണ്ടൂരിന്റെ പൂര്‍വ്വനാമം തിരുപാണ്ഡവയൂര്‍ എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

1963-ല്‍ തിരുവന്‍വണ്ടൂര്‍ സ്‌കൂളിലെ ഡ്രോയിങ് മാസ്റ്ററായിരുന്ന ദാമോദരന്‍ എന്ന ഭക്തന് ഒരു സ്വപ്നദര്‍ശനമുണ്ടായി. മഹാക്ഷേത്രത്തിന് കിഴക്കുവശത്ത് ഒരു കുളമുണ്ടായിരുന്നു വെന്നും ആ സ്ഥാനം ഏഴടികുഴിച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നഷ്ടമായ ശ്രീഗോശാലകൃഷ്ണ വിഗ്രഹം ലഭിക്കുമെന്നും വിഗ്രഹലബ്ധിക്കുശേഷം നാടിന് ഐശ്വര്യം വര്‍ദ്ധിക്കുമെന്നുമായിരുന്നു സ്വപ്‌നം. ആദ്യം മണിയും പൂജാപാത്രങ്ങളും ലഭിക്കുമെന്നും പിന്നീട് വിഗ്രഹലബ്ധി ശ്രമകരമായിരിക്കുമെന്നും സങ്കീര്‍ണ്ണങ്ങളായ പല പ്രശ്‌നങ്ങളെയും അതിജീവിച്ചു മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂയെന്നും സ്വപ്‌നത്തില്‍ കണ്ടിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിഗ്രഹലബ്ധിക്കായി ഒരു യജ്ഞം ആരംഭിച്ചു. യജ്ഞത്തിന്റെ 23-ാം ദിവസം മുതല്‍ മണലിന്റെ അടിയില്‍ നിന്ന് പല ആകൃതിയിലുള്ള മണ്‍കുടങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ പഞ്ചലോഹ നിര്‍മ്മിതമായ തേവാര വിഗ്രഹവും ധന്വന്തരി വിഗ്രഹവും കുളത്തില്‍ നിന്ന് ലഭിച്ചു. യജ്ഞത്തിന്റെ 51-ാം ദിവസം ക്ഷേത്രക്കുളത്തില്‍ നിന്ന് സദാനന്ദന്‍ എന്ന ഭക്തന്‍ ശ്രീഗോശാലകൃഷ്ണന്റെ വിഗ്രഹം മുങ്ങിയെടുത്തു.
വിഗ്രഹം ലഭിച്ച ക്ഷേത്രക്കുളം വിഷ്ണു പുഷ്‌ക്കരണി എന്ന പേരില്‍ അറിയപ്പെടുന്നു.
ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധിയുടെ സ്മരണയ്ക്കായി 50 വര്‍ഷമായി 51 ദിവസത്തെ മഹായജ്ഞം നടക്കുന്നു. ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ തന്ത്രിമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹായജ്ഞപൂജയും കൊടിയേറ്റും നടക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. തുടര്‍ന്നുള്ള 51 നാള്‍ നിത്യേന മഹാഗണപതി ഹോമവും വിശേഷാല്‍ പൂജാകര്‍മ്മങളും ഏഴുഘട്ടങ്ങളായി ഭാഗവത സപ്താഹയജ്ഞം, അഖണ്ഡനാമയജ്ഞം എന്നിവയും സംഘടിപ്പിക്കാറുണ്ട്. വിഗ്രഹലബ്ധിയജ്ഞത്തിന്റെ 50ാം വാര്‍ഷികാഘോഷമാണ് ഈ വര്‍ഷം നടക്കുന്നത്.


മഹായജ്ഞത്തോടനുബന്ധിച്ച് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുമത കണ്‍വന്‍ഷന്‍ വിപുലമായി നടത്താറുണ്ട്.
വിവിധ സമ്മേളനങ്ങളിലും പ്രഭാഷണപരമ്പരകളിലുമായി സ്വാമിമാരായ സത്യാനന്ദ സരസ്വതി, മൃഡാനന്ദ, ശാശ്വതീകാനന്ദ, വേദാനന്ദ സരസ്വതി, ആതുരദാസ്, സൂക്ഷ്മാനന്ദ, പ്രവാചികാ ധ്രുവപ്രാണാ, സമ്മര്‍ദചൈതന്യ തുടങ്ങിയവരും, അമ്മ മഹാറാണി, ചിത്തിര തിരുനാള്‍ മഹാരാജാവ്, മന്നത്തു പത്മനാഭന്‍, ആര്‍. ശങ്കര്‍, വി.വി. ഗിരി, പട്ടം താണുപിള്ള, ആര്‍. രാമചന്ദ്രന്‍ നായര്‍, ഐ.എ.എസ്. മുന്‍ ഗവര്‍ണര്‍ പി. രാമചന്ദ്രന്‍, കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പി.കെ. നാരായണ പണിക്കര്‍, വെള്ളാപ്പള്ളി നടേശന്‍, ജ്യോതി വെങ്കിടാചലം, ഒ.രാജഗോപാല്‍, എന്‍.എസ്.ഗോപാലകൃഷ്ണന്‍, എ.കെ.മൂര്‍ത്തി തുടങ്ങിയ മഹത്‌വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ട്.